05:53am 15 November 2026
NEWS
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 31 വർഷം കഠിനതടവും 82,000 രൂപ പിഴയും
22/09/2026  07:40 PM IST
സണ്ണി ലുക്കോസ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 31 വർഷം കഠിനതടവും 82,000 രൂപ പിഴയും

ചങ്ങനാശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് 31 വർഷം കഠിനതടവും 82,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കുറിച്ചി വില്ലേജ് ഇത്തിത്താനം കരയിൽ കാഞ്ഞിരത്തുംമൂട്ടിൽ വീട്ടിൽ ബിജുവിന്റെ മകൻ ഷാബിൻ പി.കെ. ആണ് ശിക്ഷിക്കപ്പെട്ടത്.

ഫോണിലൂടെ 17 വയസ്സുകാരിയായ അതിജീവിതയെ പരിചയപ്പെട്ട പ്രതി പിന്നീട് പെൺകുട്ടിയുടെ വീട്ടിലെത്തി ശാരീരിക ബന്ധത്തിലേർപ്പെട്ടെന്നാണ് കേസ്. തുടർന്ന് വീഡിയോകോൾ വഴി നഗ്നത പ്രദർശിപ്പിക്കാൻ പ്രേരിപ്പിക്കുകയും, ഇതിന്റെ സ്ക്രീൻഷോട്ടുകൾ പകർത്തി മറ്റുള്ളവർക്ക് അയച്ചുനൽകുകയും ചെയ്തതായും പ്രോസിക്യൂഷൻ വാദിച്ചു.

ചിങ്ങവനം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത  കേസിലാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി  രഞ്ജിത്ത് കൃഷ്ണൻ ശിക്ഷ വിധിച്ചത്.

പിഴത്തുക അടച്ചില്ലെങ്കിൽ ഒരു വർഷവും മൂന്ന് മാസവും അധിക തടവ് അനുഭവിക്കണം. ഈടാക്കുന്ന പിഴത്തുകയിൽ നിന്ന് 41,000/- രൂപ അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു.

വിചാരണയ്ക്കിടെ  27 സാക്ഷികളെയും 47 രേഖകളും കോടതിയിൽ തെളിവായി ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.എസ്. മനോജ് ഹാജരായി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img